കൊച്ചി: റിയാലിറ്റി ഷോ താരവും നടനുമായ ഷിയാസ് കരീമിനെതിരായ ലൈംഗിക ചൂഷണ, സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. പരാതിക്കാരിയോട് ഇയാൾ പണം ആവശ്യപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയാണ് യുവതി പോലീസിനു കൈമാറിയത്.
പങ്കാളിത്തത്തിൽ ജിംനേഷ്യം ആരംഭിക്കാമെന്നും ഇതിലേക്കുള്ള ഉപകരണങ്ങൾ വാങ്ങാനും നവീകരണത്തിനുമായി അഡ്വാൻസ് നൽകണമെന്നും പറഞ്ഞ് പണം ആവശ്യപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സമൂഹമാധ്യമത്തിലൂടെ അയച്ച ശബ്ദസന്ദേശത്തിൽ പത്തു ലക്ഷംഅക്കൗണ്ടിൽ നൽകേണ്ടെന്നും കൈയിൽ തന്നാൽ മതിയെന്നും ഷിയാസ് പറയുന്നുണ്ട്.
വിവാഹം കഴിഞ്ഞാലും ബന്ധം തുടരുമെന്നും പരാതിക്കാരിക്ക് അയച്ച സന്ദേശത്തിൽ ഷിയാസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, വഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പാലാരിവട്ടം പോലീസ് ഷിയാസിനെതിരേ കേസെടുത്തത്. ലൈംഗിക ചൂഷണം നടന്നതു കോഴിക്കോട്ടായതിനാൽ കേസ് ചേവായൂർ പോലീസിനു കൈമാറി.
കൊച്ചിയിൽ വന്ന് താമസിക്കുന്ന യുവതിയാണ് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ചു പരാതി നല്‍കിയത്. പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നും പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
സമൂഹമാധ്യമത്തിലൂടെയാണ് 2023ൽ യുവതി ഷിയാസ് കരീമിനെ പരിചയപ്പെട്ടത്. 2024ലും 2025ലും കോഴിക്കോട് വച്ച് പലതവണ ലൈംഗികമായി ചൂഷണം ചെയ്തതായാണു പരാതി.